Thursday, August 12, 2010


പ്രതിഫലദായകമായ രാത്രിനമസ്കാരം

ഉ ബാദത്തുബ്നുസ്സ്വാമിതി(റ)ല്‍നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "ആരെങ്കിലും ഉറക്കില്‍നിന്നെഴുന്നേറ്റ് അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല, അവന്‍ ഏകനാകുന്നു, അവന് പങ്കുകാരാരുമില്ല, അവന്നാകുന്നു ആധിപത്യം, അവന്നാകുന്നു സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു പരിശുദ്ധനാകുന്നു. അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല. അല്ലാഹുവാകുന്നു മഹാന്‍. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും യാതൊരു കഴിവും ശക്തിയുമില്ല എന്ന് പറയുകയും തുടര്‍ന്ന് എന്റെ നാഥാ എനിക്ക് പൊറുത്തുതരേണമേ എന്നു പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പ്രാര്‍ഥന സ്വീകരിക്കും. പിന്നീടവന്‍ വുദൂ ചെയ്ത് നമസ്കരിച്ചാല്‍ അവന്റെ നമസ്കാരവും അല്ലാഹു സ്വീകരിക്കും'' (ബുഖാരി).

അല്‍പം ഉറങ്ങിയെണീറ്റ് നമസ്കരിക്കുന്ന നിശാനമസ്കാരത്തിന്റെ (തഹജ്ജുദ്) പ്രാധാന്യവും പുണ്യവും ഊന്നിപ്പറയുന്ന അനേകം ഹദീസുകളിലൊന്നാണിത്. പൂര്‍വഗാമികളുടെ ചര്യകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു രാത്രിനമസ്കാരം. പ്രവാചകന്‍(സ) മരണം വരെ തുടര്‍ന്ന ചര്യയും. റസൂല്‍(സ) തന്റെ അവസാനനാളുകളില്‍ കാലില്‍ നീരുവന്ന് വീര്‍ക്കുവോളം ദീര്‍ഘമായി ഖിയാമുല്ലൈല്‍ നിര്‍വഹിച്ചിരുന്നു. 'വരാനിരിക്കുന്ന പാപങ്ങളുള്‍പ്പെടെ പൊറുക്കപ്പെട്ട താങ്കളെന്തിന് ഇത്ര കഷ്ടപ്പെടുന്നു' എന്നാരാഞ്ഞ അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കിയ മറുപടി ഇതായിരുന്നു: 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?'

അല്ലാഹുവിനോടുള്ള ഹൃദയാനുരാഗവും അടുപ്പവുമാണ് വിശ്വാസിയെ ഉറക്കംവിട്ടുണര്‍ന്ന് നമസ്കാരത്തിലും ഖുര്‍ആന്‍പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകാന്‍ പ്രേരിതനാക്കുന്നത്. വലിയ ത്യാഗം ആവശ്യപ്പെടുന്ന കര്‍മമാണ് രാത്രിനമസ്കാരം. തണുപ്പുള്ള രാത്രിയില്‍ സുഖനിദ്ര വെടിഞ്ഞ് തണുത്തുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്ത് നമസ്കരിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ പ്രീതിക്കായി എന്തും സമര്‍പ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുകയാണല്ലോ ചെയ്യുന്നത്. നല്ല ഈമാനും ദൈവബോധവുമുള്ളവര്‍ക്കേ അത് സാധ്യമാകൂ. അര്‍ധരാത്രിക്കുശേഷമുള്ള നമസ്കാരത്തേക്കാള്‍ പ്രയാസകരമായ മറ്റൊരു കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഹസന്‍ ബസ്വരി (റ) പറഞ്ഞത് അതിനാലാണ്.

നിശാസമയത്തെ പ്രാര്‍ഥനയും നമസ്കാരവും അല്ലാഹു സ്വീകരിക്കുമെന്ന കാര്യമാണ് ഉദ്ധൃതഹദീസില്‍ പ്രവാചകന്‍(സ) ഊന്നിപ്പറയുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ അവിടുന്ന് പറഞ്ഞു: "രാത്രിയില്‍ ഒരു സമയമുണ്ട്. ആ സമയത്ത് ഒരടിമ അല്ലാഹുവിനോടു ചോദിക്കുന്ന ഏതു നന്മയും അല്ലാഹു അവന് നല്‍കും. എല്ലാ രാത്രിയിലും ആ സമയമുണ്ട്'' (മുസ്ലിം). അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവുമാണ് വിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും. അത് കരഗതമാക്കാനുള്ള അസുലഭാവസരമാണ് അര്‍ധരാത്രിയിലെ ദൈവസ്മരണ വഴി അവര്‍ക്ക് ലഭിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും പരിശുദ്ധിയും കഴിവും മഹത്വവുമെല്ലാമാണ്, രാത്രിവേളയിലെ സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥനയില്‍ പ്രവാചകന്‍(സ) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എപ്പോള്‍ ഉരുവിട്ടാലും വലിയപ്രതിഫലം റസൂല്‍ വാഗ്ദാനം ചെയ്ത ദിക്റുകളാണ് ലാ ഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ. ഏകാന്തതയില്‍ അല്ലാഹുവുമായി സന്ധിക്കാന്‍ വിശ്വാസി തെരഞ്ഞെടുക്കുന്ന അനര്‍ഘവേളയില്‍ ആ ദിക്റുകള്‍ ഉരുവിടുന്നത് ഏറെ അര്‍ഥഗര്‍ഭവും പ്രതിഫലദായകവുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. 'അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ' എന്ന പാപമോചനപ്രാര്‍ഥനയാണ് മറ്റൊന്ന്. ഉറക്കമെണീറ്റ് അപ്രകാരം പ്രാര്‍ഥിച്ചാല്‍ അത് സ്വീകരിക്കപ്പെടുമെന്നാണ് റസൂല്‍(സ) സന്തോഷവാര്‍ത്ത അരുളിയിരിക്കുന്നത്.

രാത്രിനമസ്കാരക്കാര്‍ നിശാസമയലബ്ധിയില്‍ വലിയ ആനന്ദവും ആഹ്ളാദവുമാണനുഭവിക്കുന്നത്. രാത്രിയില്ലെങ്കില്‍ ഈ ലോകത്തെ ജീവിതം തന്നെ ഇഷ്ടപ്പെടാത്തവരായിരുന്നു മഹാന്മാര്‍. മനസ്സും കര്‍മവും ഒന്നായിച്ചേരുന്ന സന്ദര്‍ഭമാണത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ അത്യാവശ്യകാര്യങ്ങള്‍ക്കേ മനുഷ്യന്‍ എഴുന്നേല്‍ക്കാറുള്ളൂ. കാരണം വെറുതെ ഉറക്കം കളയുന്നത് വെറുക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍, ഏറ്റവും അമൂല്യമായ ആ സമയത്ത് നമസ്കാരത്തിന് എഴുന്നേല്‍ക്കുന്നവര്‍ അതേറ്റവും വലിയ ഒരാവശ്യമായി മനസ്സിലാക്കുന്നതുകൊണ്ടാണല്ലോ അപ്രകാരം ചെയ്യുന്നത്. മനസ്സും കര്‍മവും ഒന്നായിച്ചേര്‍ന്ന പ്രസ്തുത സമയത്തെ തേട്ടങ്ങള്‍ ചൈതന്യവത്തായിത്തീരുന്നത് അതിനാലാണ്. ആ ത്യാഗമാകട്ടെ അല്ലാഹു ഏറെ വിലമതിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) അരുളി: "ആരെങ്കിലും രാത്രിയില്‍ ഉണരുകയും സ്വന്തം ഭാര്യയെ വിളിച്ചുണര്‍ത്തുകയും ഇരുവരും രണ്ടു റക്അത്ത് നമസ്കരിക്കുകയുമാണെങ്കില്‍ അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു അവരുടെ പേരുകളും എഴുതിച്ചേര്‍ക്കും'' (അബൂദാവൂദ്)


from---

http://www.jihkerala.org/indexmal.html

Tuesday, August 10, 2010






ത്യാഗ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ വ്രതത്തെ അതിന്റെ പവിത്രതയോടെ ഉള്‍ക്കൊള്ളാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ

Wednesday, August 4, 2010

ലീഗ് ശ്രമം പാഴ്‌വേല ......!!!!!!!



ബഹിഷ്‌കരണാഹ്വാനം: ലീഗ് ശ്രമം പാഴ്‌വേല -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: തീവ്രവാദ സംഘടനകളോടൊപ്പം ചേര്‍ത്ത് പറഞ്ഞ്, ജമാഅത്തെ ഇസ്‌ലാമിയെ ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്ത മുസ്‌ലിംലീഗിന്റെ കോട്ടക്കല്‍ പ്രസ്താവന രാഷ്ട്രീയപ്രേരിതവും സ്വന്തം വെപ്രാളങ്ങളെ മറച്ചുപിടിക്കാനുള്ള പാഴ്‌വേലയുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ വിലയിരുത്തി. സമീപനാളുകളില്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമായ തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തെ തുടര്‍ന്നാണ് വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവന പുറപ്പെടുവിച്ചത്. നേരത്തെ മുസ്‌ലിംലീഗിന്റെ ചിറകിനടിയിലുള്ള ചില മതസംഘടനകളൊഴിച്ച് യോഗത്തില്‍ പങ്കെടുത്ത മറ്റു സംഘടനകളും നേതാക്കളും പ്രസ്തുത പ്രസ്താവനയോട് യോജിപ്പുള്ളവരല്ല. അക്കാരണത്താല്‍ ലീഗിന്റെ പ്രസ്താവനയില്‍ പുതുമയൊന്നുമില്ലെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനപ്പുറം കാണാന്‍ കഴിയാത്ത അവരുടെ നിലപാട് സഹതാപാര്‍ഹമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

ഹിന്ദുത്വ പ്രീണനം ഏറ്റെടുത്തുകഴിഞ്ഞ സി.പി.എം താല്‍പര്യങ്ങളെ സഹായിക്കുന്ന നിലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. എല്‍.ഡി.എഫില്‍ അവശേഷിച്ചിരുന്ന മുസ്‌ലിംസാന്നിധ്യവും കൂടി പിണങ്ങിപ്പിരിഞ്ഞിരിക്കെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീതിപ്പെടുത്താനും സവര്‍ണ ഫാഷിസ്റ്റുകളുടെ അജണ്ട ഏറ്റെടുക്കാനുമാണ് സി.പി.എം തീരുമാനിച്ചത്. എന്നാല്‍, മൂക്കിനപ്പുറം കാണാന്‍ കഴിയാതെ പ്രസ്താവന നടത്തിയ ലീഗ് നേതൃത്വം ആരുടെ താല്‍പര്യ സംരക്ഷകരാണെന്ന് സ്വയം പരിശോധിക്കണമെന്ന് ശൂറ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമിയുടെ അവര്‍ഗീയതയും വിശാലമാനവികതയും നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. രാഷ്ട്രപിതാവ് മഹാത്മജി മുതല്‍ നിരവധി മഹാരഥന്മാര്‍ ഈ സത്യത്തിന് നേര്‍സാക്ഷികളുമാണ്. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് മിതമായി പറഞ്ഞാല്‍ വിഡ്ഢിത്തമാണ്. അധ്യാപകന്റെ കൈവെട്ടിയവരും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തംചോര നല്‍കിയവരും ഒരുപോലെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒറ്റ കേരളീയനുമാവില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ലീഗ് നേതൃത്വം കാണിക്കണമായിരുന്നു. ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്നതും ജനകീയ വികസന കൂട്ടായ്മകളെ പ്രോല്‍സാഹിപ്പിക്കുന്നതും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിത നയമാണ്. ഈ നിലപാടില്‍നിന്ന് പ്രസ്ഥാനത്തെ പിന്തിരിപ്പിക്കാന്‍ ഏതുതരം പ്രകോപനങ്ങള്‍ക്കുമാവില്ലെന്ന് സംസ്ഥാന ശൂറ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. അമീര്‍ ടി. ആരിഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Monday, August 2, 2010


തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം -സി. ദാവൂദ്

അതീവ ഗുരുതരമായ ഏഴ് വന്‍പാപങ്ങളെക്കുറിച്ച് പ്രവാചകന്‍ സംസാരിച്ചിട്ടുണ്ട്. പുതിയ കാലത്തെ രാഷ്ട്രീയപ്രവാചകന്മാര്‍ ലിസ്റ്റ് ചെയ്ത എട്ടാമത്തെ വന്‍പാപമാണ് 'തീവ്രവാദം'. അതായത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങളും നിലപാടുകളും എട്ടാം പാപമായ തീവ്രവാദമായിട്ടാണ് അവര്‍ എണ്ണുന്നത്. ഈ എട്ടാം പാപത്തിനെതിരായ സംഘഗാനങ്ങളും മിമിക്‌സ് പരേഡുകളും കൊണ്ട് മുഖരിതമാണ് ഇന്ന് നമ്മുടെ സാമൂഹിക രാഷ്ട്രീയരംഗം. ആ കണക്കിലെ തികവൊത്തൊരു ജുഗല്‍ബന്ദിയാണ് കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്നത്. മുസ്‌ലിംലീഗാണ് മുഖ്യസംഘാടകര്‍; 'തീവ്രവാദ'ത്തിനെതിരായ സമരത്തില്‍ മുന്നണിയില്‍ നില്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യരായ ഏറ്റവും മുന്തിയ വിഭാഗം തന്നെ! 1947 ആഗസ്റ്റ് 16ന് ഒരൊറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്നുതള്ളിയ കൊല്‍ക്കത്ത ഡയറക്ട് ആക്ഷന്‍ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ'പ്രവര്‍ത്തനങ്ങളുടെ റെക്കോഡ് കീശയിലിട്ടു നടക്കുന്ന പ്രസ്ഥാനം. എന്താണ് തീവ്രവാദത്തിനെതിരെ പുതിയൊരു അങ്ങാടിമരുന്ന് തിളപ്പിച്ചെടുക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത്? അതിനുമാത്രം സാമൂഹികപ്രതിബദ്ധതയും ദേശീയതാല്‍പര്യവും ലീഗിനെ ഇത്രമേല്‍ ആവേശിച്ചത് എന്നു മുതലാണ്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോഴാണ് പുതിയ കഷായത്തിലെ ചേരുവകളെക്കുറിച്ചും അതുണ്ടാക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടി വരുക. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിനു ശേഷം തീവ്രവാദത്തിനെതിരായ പൊതുവികാരം കേരളത്തില്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പൊതുവികാരത്തെ സങ്കുചിത സവര്‍ണ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ രണ്ട് കൂട്ടരാണ് കേരളത്തില്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. ഒന്ന്, സ്വാഭാവികമായും ആര്‍.എസ്.എസ്. രണ്ടാമതായി, അടുത്ത കാലത്തായി ആര്‍.എസ്.എസ് അജണ്ടയെ സ്വാംശീകരിച്ച് സവര്‍ണ ഇടതുപക്ഷം എന്ന തങ്ങളുടെ യഥാര്‍ഥതനിമയിലേക്ക് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്ന സി.പി.എം. ഈ രണ്ടു കൂട്ടരുടെയും അജണ്ടകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും ശേഷിയും ലീഗിന് സ്വാഭാവികമായും ഇല്ല. അപ്പോള്‍ പിന്നെ, തങ്ങളാല്‍ കഴിയുംവിധം ഒരു കഷായം കാച്ചിയെടുത്ത് വില്‍ക്കാന്‍ പറ്റുമോ എന്നാലോചിക്കുകയായിരുന്നു അവര്‍. അല്ലാതെ, തീവ്രവാദത്തിനെതിരെ ലീഗിന് എന്തോ വല്ലാത്തൊരു അലര്‍ജിയുണ്ടായതുകൊണ്ടാണിതൊക്കെ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. മൂവാറ്റുപുഴ സംഭവത്തെപ്പോലെ, അതിലേറെ കേരളീയസമൂഹത്തെ സ്തംഭിപ്പിച്ച സംഭവമായിരുന്നു 2003ലെ മാറാട് കൂട്ടക്കൊല. ആ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് പുതിയ തീവ്രവാദവിരുദ്ധ സമരത്തിലെ മുന്നണിപ്പോരാളി. മാറാട്‌സംഭവം അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍തന്നെ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടിലെ പത്താം അധ്യായം ഈ അവസരത്തില്‍ ഒന്നുകൂടി വായിക്കുന്നത് നന്നാവും. കമീഷന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് നിരത്തിയ ഈ അധ്യായത്തില്‍ അഞ്ചാമത്തെ പോയന്റ് ഇങ്ങനെ: '2003 മേയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ.യു.എം.എല്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെച്ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും, അനുഗ്രഹാശിസ്സുകള്‍ ഇല്ലാതെയാണ് ലീഗുകാര്‍ ഇതില്‍ പങ്കാളികളായത് എന്ന് കരുതാന്‍ കഴിയില്ല'. മാറാട് സംഭവം സി.ബി.ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര് നിന്ന് മാറാട് വിഷയത്തെ നിരന്തരം കത്തിച്ചുനിര്‍ത്തുകയും ചെയ്ത അതേ ലീഗ് ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഏതായാലും ചിരിക്ക് വക നല്‍കുന്നതാണ്. അന്ന് മാറാട്, സാക്ഷാല്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്കു പോലും കടന്നുചെല്ലാന്‍ പറ്റാത്ത സമയത്ത്, മാറാട്ടേക്ക് ആദ്യമായി സമാധാനസംഘത്തെയും നയിച്ച് ചെന്ന്, അരയസമാജം ഓഫിസില്‍വെച്ച് നാട്ടുകാരുമായി ചേര്‍ന്ന് സമാധാനത്തിന്റെ തണല്‍വിരിക്കാന്‍ മുന്നില്‍നിന്ന കെ.എ. സിദ്ദീഖ്ഹസന്റെ ജമാഅത്തെ ഇസ്‌ലാമിയാണ് പുതിയ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ ഒന്നാംനമ്പര്‍ ശത്രു! മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവര്‍ മാറാട്ടും അതുപോലെയുള്ള എല്ലാ കലുഷ നിലങ്ങളിലും സമാധാനത്തിന്റെ ദൂതുമായി കടന്നുചെന്ന പ്രസ്ഥാനത്തെ നോക്കി ഇങ്ങനെയൊക്കെ പറയുന്നത് ശുദ്ധ ഭോഷ്‌കല്ലാതെ മറ്റെന്താണ്? മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി പോപ്പുലര്‍ഫ്രണ്ട്. കേരളത്തിന്റെ സാമൂഹികബന്ധങ്ങളുടെ കൈ തന്നെയായിരുന്നു ആ നികൃഷ്ടചെയ്തിയിലൂടെ അവര്‍ അറുത്തുമാറ്റിയത്. എന്നാല്‍, രക്തം വാര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അധ്യാപകന് ആവശ്യമായത്രയും രക്തവുമായി എത്തിയത് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകര്‍. ഇത് കേവലമൊരു രക്തദാനമായിരുന്നില്ല. ഒട്ടേറെ അര്‍ഥങ്ങളുള്ള സാംസ്‌കാരികപ്രവര്‍ത്തനമായിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ പുതിയ തിസീസ് പ്രകാരം അവരും കൈവെട്ടിയവരെപ്പോലെ ബീഭത്സ ഭീകരവാദികള്‍ തന്നെ! ലീഗിന്റെ പുതിയ തീവ്രവാദമുന്നണിയിലെ ഘടകകക്ഷികള്‍ അതിലും കേമന്മാര്‍! ലോകത്ത് ഇസ്‌ലാമികതീവ്രവാദത്തിന്റെ ഏറ്റവും അക്രമാസക്തവും പ്രാകൃതവുമായ പ്രതിനിധാനം നിര്‍വഹിക്കുന്നത് സലഫീ-വഹാബി ധാരയില്‍ പെട്ടവരാണ്. ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ പ്രാകൃതസംഘങ്ങളെല്ലാം സലഫിഗ്രൂപ്പുകളാണ്. അക്ഷരങ്ങള്‍ക്കപ്പുറത്ത് മതത്തെയും സാമൂഹികസാഹചര്യങ്ങളെയും വായിക്കാനറിയാത്തവര്‍ എന്നതാണ് വഹാബികളുടെ ഏറ്റവും വലിയ പ്രത്യേകത. കേരളസലഫികളിലെ (മുജാഹിദ്) രണ്ടു ഗ്രൂപ്പുകളും കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബ്രിഗേഡിലെ ലഫ്റ്റനന്റുമാരാണ്! ഇവര്‍ കേരളത്തില്‍, അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രബോധനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഇവരുടെ 'തീവ്രവാദവിരുദ്ധ ബഹുസ്വരതാ' പ്രമേയങ്ങളുടെയൊക്കെ ശരിക്കുമുള്ള കരുത്ത്. ഓണത്തിനും വിഷുവിനും ക്രിസ്മസിനും മതഭേദം കൂടാതെ പരസ്‌പരം വീടുകള്‍ സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത് നാം മലയാളികള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍, അങ്ങനെ ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്ന സങ്കുചിതപാഠം പള്ളിമിമ്പറുകള്‍ ഉപയോഗിച്ച് വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്ന മുജാഹിദുകള്‍ തീവ്രവാദത്തിനെതിരെ ചാനല്‍കാമറക്കു മുന്നില്‍വന്ന് ചിരിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട് (കോഴിക്കോട്ടെ പള്ളി മിമ്പറുകളില്‍നിന്ന് ഇത്തരം ആഹ്വാനങ്ങള്‍ കേട്ട് അസ്വസ്ഥനായ കഥാകൃത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് 'മാതൃഭൂമി' വാരികയില്‍ രണ്ട് വര്‍ഷം മുമ്പ് ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു). മുജാഹിദുകളില്‍ അടുത്ത കാലത്തുണ്ടായ പിളര്‍പ്പിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഈ സമയത്ത് കൗതുകകരമാവും. ജാതി മത ഭേദമന്യേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും നടത്തണമെന്ന് അവരിലെ ഒരു കൂട്ടര്‍ വാദിച്ചു. മതത്തിന്റെ അക്ഷരങ്ങള്‍ മാത്രം വായിക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് അതത്ര പിടിച്ചില്ല. അതെങ്ങനെ ദീനീ (മത)പ്രവര്‍ത്തനമാകും എന്നതായിരുന്നു അവരുടെ ശങ്ക. മരം നടുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ പരിസ്ഥിതിവാദികള്‍ തെളിവായി ഉന്നയിച്ചു. ഉടനെ മറുവിഭാഗം ക്ഷൗരം ചെയ്യുന്നതിനെക്കുറിച്ച പ്രവാചകവചനങ്ങള്‍ കൊണ്ടു വന്നു; എന്നിട്ട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ മരംനടീല്‍ കാമ്പയിന്‍ നടത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഒരു ക്ഷൗരം ചെയ്യല്‍ കാമ്പയിനും ആയിക്കൂടാ?' കോട്ടക്കല്‍ ജുഗല്‍ബന്ദിയിലെ മറ്റൊരു പ്രധാന റോള്‍ ആടിത്തീര്‍ത്തത് സുന്നി വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു അടുത്തകാലം വരെയും അവരുടെ പ്രധാന പ്രവര്‍ത്തനം. ഇവരുടെ സംസ്ഥാനനേതാവും മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും ഒരാള്‍ തന്നെയാണ്. പരമാവധി സ്ത്രീകളെ മല്‍സരിപ്പിക്കുക എന്ന ലീഗ് അജണ്ടയും പരമാവധി സ്ത്രീകളെ വീട്ടില്‍ അടച്ചുപൂട്ടിയിടുക എന്ന സുന്നീ അജണ്ടയും ഒരേസമയം വിജയിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അങ്ങനെ മിടുക്ക് കാണിക്കുന്ന ആള്‍ക്ക് പറ്റിയ മുന്നണി തന്നെയാണ് കോട്ടക്കലില്‍ രൂപപ്പെട്ടത്. (സമുദായ സംഘടനകള്‍ക്കിടയില്‍ സന്തുലിതനിലപാട് സ്വീകരിക്കാന്‍ സാധിച്ചിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ തന്നെ പുതിയ ലീഗ് അധ്യക്ഷന്‍ തെളിയിച്ചു കഴിഞ്ഞു). കാന്തപുരംവിഭാഗം സുന്നികളും പങ്കെടുത്തു എന്നതു മാത്രമാണ് കോട്ടക്കലില്‍ സംഭവിച്ച ഒരേയൊരു പുതുമ. ശരീഅത്ത് വിവാദ കാലത്ത് ഔദ്യോഗിക സുന്നിനേതൃത്വം മുജാഹിദുകളോടൊപ്പം വേദി പങ്കിട്ടതിന്റെ പേരില്‍ പിളര്‍ന്നുപോയ ഗ്രൂപ്പാണത്. മുജാഹിദുകളെ കണ്ടാല്‍ സലാം പോലും പറഞ്ഞേക്കരുത് എന്ന കാര്യത്തില്‍ അങ്ങേയറ്റം തീവ്രവാദം അവര്‍ക്കുണ്ട്. എന്നാലും പുതിയ തീവ്രവാദവിരുദ്ധ സമരത്തില്‍ അവരും ഒത്തുചേര്‍ന്നത്, ആ നിലക്ക് നല്ല കാര്യം തന്നെ. തീവ്രം തീവ്രേന ശാന്തി; ഒരു തീവ്രവാദത്തെ മറ്റൊരു തീവ്രവാദം കൊണ്ട് ഇല്ലാതാക്കാം! മുസ്‌ലിംസമുദായത്തിന്റെ 98 ശതമാനത്തിന്റെയും പിന്തുണയുള്ളവരാണ് ദാ, ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഒരു ലീഗ്‌നേതാവ് പ്രസ്താവിച്ചുകളഞ്ഞു. അതായത്, 98 ശതമാനം മുസ്‌ലിംകളും തങ്ങളുടെ കൈയിലാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തങ്ങളുടെ കക്ഷത്തിരിക്കുന്ന, തങ്ങള്‍ കല്‍പിക്കുമ്പോള്‍ അനങ്ങുകയും അടങ്ങുകയും ചെയ്യുന്ന തങ്ങളുടെ തന്നെ ഉപഗ്രഹസംഘടനകളാണ് ഇവയില്‍ മിക്കതും എന്ന യാഥാര്‍ഥ്യം മറച്ചുവെക്കുന്നതാണ് ഈ അവകാശവാദം. 1991ല്‍ ബേപ്പൂരിലും വടകരയിലും 2006ല്‍ കുറ്റിപ്പുറത്തും തിരൂരും മങ്കടയിലുമെല്ലാം ഈ 98 ശതമാനം തങ്ങളുടെ 'കൂടെ'ത്തന്നെ ഉണ്ടായിരുന്നുവെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നന്ന്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും 'പിന്തുണ'യില്ലാത്തവരാണ് അന്നൊക്കെ/അവിടെയൊക്കെ അജണ്ട നിശ്ചയിച്ചതെന്ന് ഓര്‍ക്കുന്നത് രാഷ്ട്രീയ ആരോഗ്യത്തിന് നല്ലതാണ്. മൗലവിമാരുടെയും മുസ്‌ലിയാക്കന്മാരുടെയും പേരിന്റെയും ബ്രാക്കറ്റിന്റെയും നീളം കാണിച്ച് സമുദായം തങ്ങളുടെ കൈയിലാണെന്ന് വീമ്പടിക്കാന്‍ കുറ്റിപ്പുറത്തിനു ശേഷവും കുഞ്ഞാലിക്കുട്ടി കാണിക്കുന്ന തൊലിക്കട്ടി അപാരം തന്നെ. സമുദായത്തിന്റെ ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ഇവര്‍ക്കൊന്നും ഒരു പങ്കുമില്ലെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ രാഷ്ട്രീയാനുഭവം. ഈ അനുഭവങ്ങള്‍ മുന്നിലിരിക്കെ പുതിയൊരു കഷായം കാച്ചിയെടുത്ത് ആരെ വിരട്ടാമെന്നാണ് ലീഗുകാര്‍ വിചാരിക്കുന്നത്? ജമാഅത്തെ ഇസ്‌ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും കൂട്ടുമുന്നണിക്കും ദേശീയതലത്തിലെ ഏതെങ്കിലും മുസ്‌ലിംവേദിയില്‍ ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കാന്‍ ധൈര്യമുണ്ടോ? ജമാഅത്തെ ഇസ്‌ലാമി നേതൃപരമായ പങ്ക് വഹിക്കുന്ന മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാന്‍ അല്ലെങ്കില്‍ അവയില്‍ നിന്ന് ജമാഅത്തിനെ പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ജമാഅത്ത് തീവ്രവാദത്തിക്കുറിച്ച കിഞ്ചനവര്‍ത്തമാനം നിര്‍ത്തി ഗൗരവത്തില്‍ കാര്യങ്ങളേറ്റെടുക്കാന്‍ ലീഗ് എന്താണ് സന്നദ്ധമാകാത്തത്? കേരള മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ പ്രവണതകള്‍ വളര്‍ന്നുവന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിന്റെ കാരണം ആത്മാര്‍ഥമായി പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം ഇതാണ്: ഒരു സാമൂഹികവിഭാഗം എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പും അന്തസ്സും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ധീരവും ആത്മാഭിമാനം സ്ഫുരിക്കുന്നതുമായ നിലപാടുകളെടുത്ത് സമുദായത്തിന് നേതൃത്വം നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനമായ ലീഗിന് സാധിച്ചില്ല. പകരം, അധികാരത്തിന്റെയും സ്വാര്‍ഥലക്ഷ്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ, തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു അവരെന്നും. സംഘ്പരിവാര്‍-സാമ്രാജ്യത്വ അജണ്ടകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് മുസ്‌ലിംയുവാക്കളില്‍ അങ്ങേയറ്റം നിരാശ പടര്‍ത്തി. ബാബരി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് അവരെടുത്ത നിലപാടില്ലായ്മകള്‍ ഈ വികാരത്തെ കൂടുതല്‍ തീക്ഷ്ണമാക്കി. അങ്ങനെയാണ് ആത്മസംഘര്‍ഷത്തില്‍ അകപ്പെട്ട യുവാക്കള്‍ തീവ്രവാദ പ്രവണതകളിലേക്ക് വഴിമാറിയത്. എന്‍.ഡി.എഫിന് (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്) തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ അണികളെ സംഭാവനചെയ്യാന്‍ ലീഗിന് സാധിച്ചത് അതിനാലാണ്. എന്നാല്‍, ഈ സത്യത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ ലീഗിന് ഇന്നുവരെയും സാധിച്ചിട്ടില്ല; പൂര്‍വാബദ്ധങ്ങള്‍ പൂര്‍വാധികം ശക്തിയോടെ അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് രാജ്യമെങ്ങും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ബോംബ് ഭീകരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമ്പോഴും അതിനെതിരെ ഒരു സായാഹ്ന ധര്‍ണ പോലും നടത്താന്‍ സാധിക്കാതെ, മുസ്‌ലിം തീവ്രവാദവുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍-ബ്രാഹ്മണ ഇടതുപക്ഷ-സവര്‍ണ മതേതര മുദ്രാവാക്യങ്ങള്‍ അതേപടി കോപ്പിയടിച്ച് മൗലവിമാരെക്കൊണ്ട് അടിയൊപ്പ് ചാര്‍ത്തിച്ച് വീണ്ടും മുഴക്കുവാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ ചില പരീക്ഷണങ്ങള്‍ കേരളത്തില്‍ രംഗത്തുണ്ടാവും. ഇടതു-വലതു മുന്നണികളുടെ കാലങ്ങളായുള്ള തീവെട്ടിക്കൊള്ളകളുടെ കണക്ക് പറയുന്ന, വികസനത്തെക്കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന, മതത്തിന്റെയും മതേതരത്വത്തിന്റെയുമൊക്കെ വിശാല സാധ്യതകളെ തിരിച്ചറിയുന്ന പുതിയ സംഘങ്ങള്‍, പ്രാദേശിക സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍..ഇവയെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുണ്ടാവും. തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകളും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും നവസാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം അതില്‍ പങ്കാളികളാണ്. അത് തുടക്കത്തില്‍ സി.പി.എമ്മിനെയും പിണറായി വിജയനെയുമായിരുന്നു അസ്വസ്ഥപ്പെടുത്തിയിരുന്നത്. കാര്യങ്ങള്‍ വൈകി മാത്രം അറിയുന്നവരായതു കൊണ്ട് ലീഗ് ഇപ്പോള്‍ അസ്വസ്ഥപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. കോട്ടക്കലില്‍ കാച്ചിയെടുത്ത പുതിയ ജമാഅത്ത് വിരുദ്ധ കഷായത്തിന്റെ യഥാര്‍ഥ കുറിപ്പടി രൂപപ്പെട്ടത് അങ്ങനെയാണ്.