Wednesday, August 4, 2010

ലീഗ് ശ്രമം പാഴ്‌വേല ......!!!!!!!



ബഹിഷ്‌കരണാഹ്വാനം: ലീഗ് ശ്രമം പാഴ്‌വേല -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: തീവ്രവാദ സംഘടനകളോടൊപ്പം ചേര്‍ത്ത് പറഞ്ഞ്, ജമാഅത്തെ ഇസ്‌ലാമിയെ ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്ത മുസ്‌ലിംലീഗിന്റെ കോട്ടക്കല്‍ പ്രസ്താവന രാഷ്ട്രീയപ്രേരിതവും സ്വന്തം വെപ്രാളങ്ങളെ മറച്ചുപിടിക്കാനുള്ള പാഴ്‌വേലയുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ വിലയിരുത്തി. സമീപനാളുകളില്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമായ തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തെ തുടര്‍ന്നാണ് വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവന പുറപ്പെടുവിച്ചത്. നേരത്തെ മുസ്‌ലിംലീഗിന്റെ ചിറകിനടിയിലുള്ള ചില മതസംഘടനകളൊഴിച്ച് യോഗത്തില്‍ പങ്കെടുത്ത മറ്റു സംഘടനകളും നേതാക്കളും പ്രസ്തുത പ്രസ്താവനയോട് യോജിപ്പുള്ളവരല്ല. അക്കാരണത്താല്‍ ലീഗിന്റെ പ്രസ്താവനയില്‍ പുതുമയൊന്നുമില്ലെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനപ്പുറം കാണാന്‍ കഴിയാത്ത അവരുടെ നിലപാട് സഹതാപാര്‍ഹമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

ഹിന്ദുത്വ പ്രീണനം ഏറ്റെടുത്തുകഴിഞ്ഞ സി.പി.എം താല്‍പര്യങ്ങളെ സഹായിക്കുന്ന നിലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. എല്‍.ഡി.എഫില്‍ അവശേഷിച്ചിരുന്ന മുസ്‌ലിംസാന്നിധ്യവും കൂടി പിണങ്ങിപ്പിരിഞ്ഞിരിക്കെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീതിപ്പെടുത്താനും സവര്‍ണ ഫാഷിസ്റ്റുകളുടെ അജണ്ട ഏറ്റെടുക്കാനുമാണ് സി.പി.എം തീരുമാനിച്ചത്. എന്നാല്‍, മൂക്കിനപ്പുറം കാണാന്‍ കഴിയാതെ പ്രസ്താവന നടത്തിയ ലീഗ് നേതൃത്വം ആരുടെ താല്‍പര്യ സംരക്ഷകരാണെന്ന് സ്വയം പരിശോധിക്കണമെന്ന് ശൂറ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമിയുടെ അവര്‍ഗീയതയും വിശാലമാനവികതയും നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. രാഷ്ട്രപിതാവ് മഹാത്മജി മുതല്‍ നിരവധി മഹാരഥന്മാര്‍ ഈ സത്യത്തിന് നേര്‍സാക്ഷികളുമാണ്. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് മിതമായി പറഞ്ഞാല്‍ വിഡ്ഢിത്തമാണ്. അധ്യാപകന്റെ കൈവെട്ടിയവരും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തംചോര നല്‍കിയവരും ഒരുപോലെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒറ്റ കേരളീയനുമാവില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ലീഗ് നേതൃത്വം കാണിക്കണമായിരുന്നു. ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്നതും ജനകീയ വികസന കൂട്ടായ്മകളെ പ്രോല്‍സാഹിപ്പിക്കുന്നതും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിത നയമാണ്. ഈ നിലപാടില്‍നിന്ന് പ്രസ്ഥാനത്തെ പിന്തിരിപ്പിക്കാന്‍ ഏതുതരം പ്രകോപനങ്ങള്‍ക്കുമാവില്ലെന്ന് സംസ്ഥാന ശൂറ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. അമീര്‍ ടി. ആരിഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment